Thursday, February 18, 2010

'അവനും അവളും' പ്രേക്ഷകന്റെ ആവലാതികളും

'അവനും അവളും'- ലാന്‍ വോണ്‍ ട്രയറുടെ 'ആന്റി ക്രൈസ്റ്റില്‍' ഇവര്‍ മാത്രമാണ് മനുഷ്യകഥാപാത്രങ്ങള്‍. പിന്നെയുള്ളത് മൂന്ന് മൃഗങ്ങളാണ്. അഥവാ മൂന്ന് പ്രതീകങ്ങള്‍. ഗ്രീഫ്, പെയിന്‍, ഡെസ്‌പെയര്‍, ത്രീ ബെഗ്ഗേഴ്‌സ് എന്നിങ്ങിനെ നാല് ഭാഗങ്ങളായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അവനും അവളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ മകന്‍ ജനലില്‍ നിന്നും താഴെ വീണ് മരിക്കുന്നതാണ് ചിത്രത്തിന്റെ ആരംഭം. തന്റെ അടങ്ങാത്ത ലൈംഗികാസക്തിയാണ് കുഞ്ഞിനെ കൊന്നതെന്ന ചിന്ത ആ നിമിഷം മുതല്‍ അവളില്‍ നിറയുകയാണ്. ആ മനോരോഗത്തെ ചികിത്സിച്ചു മാറ്റാന്‍ തെറാപിസ്റ്റായ അവനറിയാം. പക്ഷേ എല്ലാ കണ്‍വെന്‍ഷണല്‍ രീതികളെയും വെല്ലുവിളിച്ചായിരിക്കും അത്. ചികിത്സയുടെ അനന്തരഫലമെന്താണെന്നറിയാതെ അയാള്‍ അവളുമായി കൊടുംകാട്ടിനു നടുവിലെ ഏദനിലെത്തുന്നു. നേരത്തെ കുട്ടിയുമായെത്തി വേനല്‍ ചെലവിട്ട ഒരു ക
ൊച്ചു വീടാണ് ഏദന്‍. ഒരു വലിയ ഓക്ക് മരത്തിന്റെ കായ്കള്‍ വീടിന്റെ മേല്‍ക്കൂരയില്‍ എല്ലായിപ്പോഴും വീണു കൊണ്ടേയിരുന്നിരുന്നു. രാത്രികളില്‍ അവയുടെ ശബ്ദം അവരെ ഭയപ്പെടുത്താന്‍ തക്കതായിരുന്നു. പിന്നെയും കുറേ കാഴ്ചകള്‍. ഇടക്ക് അവള്‍ മാത്രമായി കേള്‍ക്കുന്ന കുഞ്ഞിന്റെ ശബ്ദം. തുടക്കത്തില്‍ അവള്‍ ശാന്തയായിരുന്നെങ്കിലും പിന്നീട് ചികിത്സ പിഴക്കുന്നത് അയാളറിയുന്നുണ്ട്. ലൈംഗികാസക്തിയോടുള്ള മടുപ്പ് അവളില്‍ വിപരീതാര്‍ഥമാണുണ്ടാക്കുന്നത്. തന്റെ ആസക്തിക്ക് കാരണം അയാളാണെന്ന തിരിച്ചറിവില്‍ പിന്നെ മനസ് നിറയെ അയാളോടുള്ള പകയാണ്. അയാളുടെ കാലില്‍ കൂര്‍ത്ത സ്‌ക്രൂ അടിച്ചു കയറ്റുന്നതും അയാളുടെ ലൈംഗികാവയവം തകര്‍ക്കുന്നതുമെല്ലാം ആ പകയുടെ ബാക്കിപത്രമായിരുന്നു. അവസാനം വരെ അവന്‍ അവള്‍ക്കായി നിലകൊണ്ടു. പക്ഷേ അവസാനം അവളെയും നശിപ്പിച്ച് ഏദന്‍ വിടുന്ന അയാളുടെയടുത്തേക്ക് മുഖമില്ലാത്ത അനേകം പെണ്ണുങ്ങള്‍ വരുന്നുണ്ട്. അവളെപ്പോലെത്തന്നെയായിരുന്നു അവരില്‍ പലരുടെയും രൂപം.
സ്ത്രീ വിരുദ്ധസിനിമയെന്ന ഖ്യാതി നേടിയായിരുന്നു ആന്റിക്രൈസ്റ്റ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പച്ചത്. ഷൂവിനുള്ളില്‍ കുടുങ്ങിയ കല്ലു പോലെയാണ് ട്രയറുടെ ചിത്രങ്ങളെന്ന് നേരത്തെ ഒരു നിരൂപണത്തില്‍ വായിച്ചിരുന്നു. അത് അന്വര്‍ഥമാക്കുന്നതായിരുന്നു ഒന്നര മണിക്കൂറോളം ക്യൂ നിന്ന് ലഭിച്ച ചലച്ചിത്രാനുഭവം. കാണാനറക്കുന്ന ലൈംഗിക- ക്രൗര്യക്കാഴ്ചകള്‍. പലപ്പോളും കണ്ണടക്കാന്‍ പോലും അനുവദിക്കാത്ത വിധം ഞെട്ടിയുണര്‍ത്തുന്ന ശബ്ദത്തിന്റെ അകമ്പടിയോടെയാണ് ദൃശ്യങ്ങള്‍ വരുന്നത്. പ്രേക്ഷകനിലേക്ക് അടിച്ചമര്‍ത്തുന്ന ഒരു തരം സാഡിസ്റ്റ് രീതി. ദൃശ്യഭാഷ വായിച്ചെടുക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടതു കൊണ്ടാകാം ഏറെ പ്രതീക്ഷകളോടെ കയറിയ ചിത്രം വെറുപ്പിക്കുകയാണുണ്ടായത്.(ചിത്രത്തിലെ ലൈംഗികദൃശ്യങ്ങളുടെ ആധിക്യത്തെപ്പറ്റി പറഞ്ഞും വായിച്ചു കേട്ടതും പ്രതീക്ഷക്ക് കാരണമായെന്നത് മറയ്ക്കുന്നില്ല) ദൃശ്യങ്ങളുടെ നിരന്തരമായ അലോസരപ്പെടുത്തല്‍ മനസ്സില്‍ പിന്നേയും കുറേ നാള്‍ തുടര്‍ന്നെങ്കിലും അത് സംവിധായകന്റെ ഈ സാഡിസ്റ്റ് ചിത്രീകരണരീതി കൊണ്ടു തന്നെയായിരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഒഴിവാക്കാമായിരുന്ന ചിത്രം തന്നെയായിരുന്നു ആന്റി ക്രൈസ്റ്റ്.

തിയ്യേറ്ററിലും സ്‌ക്രീനിലും കാഴ്ചക്കാരന്‍ മാത്രം-ഷിറിന്‍

അബ്ബാസ് കിരസ്‌തോമിയുടെ ഷിറിന്‍ എന്ന ഇറാനിയന്‍ ചിത്രം സംവിധാനരീതി കൊണ്ട് ശ്രദ്ധേയമായ ചിത്രമായിരുന്നു. തിയ്യേറ്ററില്‍ കാഴ്ചക്കാരായിരിക്കുന്നവര്‍ തന്നെയായിരുന്നു ചിത്രത്തിലെ കഥാപാത്രങ്ങളും. ഇറാനിലെ 114 നടിമാര്‍, ഒരു ഫ്രഞ്ച് യുവതി. ഇവര്‍ ഒരു തിയ്േറ്ററിലിരുന്ന് ഒരു പെര്‍ഫോമന്‍സ് കാണുകയാണ്. പേര്‍ഷ്യന്‍ പ്രണയകഥയാണ് അവര്‍ക്ക് മുന്നിലുള്ളത്. തമാശയും പ്രണയവും ട്രാജഡിയും പാട്ടുമൊക്കെയുള്ള ഖുസ്രുവിന്റെയും ഷിറിന്റെയും കഥയാണ്. അത് ഈ 115 പേര്‍ എങ്ങിനെ കാണുന്നു എന്നാണ് സംവിധായകന്‍ പരിശോധിച്ചത്. ചിത്രത്തിലെ രംഗങ്ങളോട് കരഞ്ഞും ചിരിച്ചും നിസംഗമായിരുന്നും പ്രതികരിക്കുന്നവരുണ്ട്. അവരുടെ ജീവിതം ആ പ്രതികരണങ്ങളില്‍ നിന്നും പ്രേക്ഷകന് വായിച്ചെടുക്കാം. ഒന്നരമണിക്കൂറോളം നിറയെ മുഖങ്ങള്‍ മാത്രമുള്ള ചിത്രത്തില്‍ വൃദ്ധരും മധ്യവയസ്‌കകളുമുണ്ട്. എന്നാല്‍ എല്ലാവരും സുന്ദരികളാണ്. അതും സംവിധായകന്റെ ഒരു തന്ത്രമായി കാണാം. പ്രണയകഥയുടെ സംഗീതവും സംഭാഷണവുമെല്ലാം പശ്ചാത്തലത്തിലുള്ളതിനാല്‍ കഥയെന്താവും, എങ്ങിനെ അവസാനിക്കും എന്നുള്ള ആകാംക്ഷയും പ്രേക്ഷകനുണ്ടാവും. ചിത്രത്തില്‍ പുരുഷ പ്രേക്ഷകരുണ്ടെങ്കിലും അതെല്ലാം സ്ത്രീകളുടെ പിറകിലായാണ് കാണാന്‍ സാധിക്കുക. പ്രേക്ഷകനും പ്രേക്ഷകനും തമ്മിലുള്ള സംവാദത്തിനാണ് ഷിറിനിലൂടെ അബ്ബാസ് കിയരസ്‌തോമി അവസരം നല്‍കിയത്. ഇതുവരെ കാണാനാകാത്ത ദൃശ്യാനുഭവവും ചിത്രം പകര്‍ന്നു തന്നു.

മികച്ച അനുഭവമായി കാസില്‍ ഓഫ് പ്യുരിറ്റി'

മെക്‌സിക്കന്‍ സംവിധായകന്‍ ആര്‍തുറോ റിപ്സ്റ്റീന്റെ പാക്കേജായിരുന്നു ഇത്തവണത്തെ ഐ എഫ് എഫ് കെയുടെ അനുഗ്രഹങ്ങളിലൊന്ന്. പ്രദര്‍ശിപ്പിച്ച മുഴുവന്‍ ചിത്രങ്ങളില്‍ ഡിവൈന്‍ എന്ന ചിത്രം മാത്രം പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയപ്പോള്‍ ആദ്യമായി കണ്ട 'കാസില്‍ ഓഫ് പ്യുരിറ്റി' മികച്ച അനുഭവമായി. എലിവിഷം നിര്‍മ്മിച്ച വില്‍ക്കുന്ന ഒരു കുടുംബം. അഛനും അമ്മയും രണ്ട് പെണ്‍മക്കളും ഒരു മകനുമുള്ള കുടുംബത്തില്‍ അഛന്‍ മാത്രമാണ് പുറം ലോകം കണ്ടിട്ടുള്ളത്. ജനിച്ചപ്പോള്‍ മുതല്‍ മക്കള്‍ വീട്ട് തടങ്കലിലാണ്. പുറംലോകത്തിന്റെ ദുഷിപ്പുകളില്‍ നിന്ന് മക്കളെ രക്ഷിക്കാനാണ് ഇത് ചെയ്യുന്നതെന്നാണ് അയാള്‍ പറയുന്നത്. എന്നാല്‍ ഈ തടങ്കല്‍ ഇയാള്‍ക്ക് തന്നെ തിരിച്ചടിയാവുകയാണ്. മാംസം കഴിക്കരുതെന്നും ലൈംഗികത പാപമാണെന്നും പറയുന്ന ഇയാള്‍ പുറം ലോകത്തിലെ ജിവിതത്തില്‍ മാംസാഹാരം കഴിക്കുകയും വേശ്യകളുമായി സംസര്‍ഗ്ഗത്തിലേര്‍പ്പെടുകയും ചെയ്യുന്നു. രണ്ട് തരം മനുഷ്യനായി ജീവിക്കുന്ന ഇയാളെ മക്കള്‍ സാവധാനം ധിക്കരിക്കുകയാണ്. അവര്‍ക്ക് തടങ്കലില്‍ നിന്നും രക്ഷപ്പെടണം. അതിനായി മൂത്ത മകള്‍ ഉട്ടോപ്യ ഒരു കത്തെഴുതി മതിലിനു പുറത്തേക്ക് വലിച്ചെറിയുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. എന്നാല്‍ ഒരിക്കല്‍ സാന്ദര്‍ഭികവശാല്‍ വീട്ടിലെത്തുന്ന പോലീസുകാരോട് വീട്ടുകാര്‍ തങ്ങളുടെ ദുരനുഭവം പറയുന്നു. വീട്ടുകാരനായ ഗബ്രിയേല്‍ അറസ്റ്റിലാവുകയാണ് അവസാനം. അയാളെ പോലീസ് കൊണ്ടു പോകുമ്പോള്‍ പക്ഷേ അരുതെന്നാണ് ആ കുടുംബം വിളിച്ചു പറയുന്നത്. ചിത്രം തുടങ്ങുന്നതും അവസാനിക്കുന്നതും ഒരു തകര്‍ച്ചയുടെ പ്രതീകമായ തകരപ്പാത്രത്തിലൂടെയാണ്.
മെക്‌സിക്കോയിലെ കുടുംബവ്യവസ്ഥിതിയിലെ മൂല്യച്യുതികള്‍ മുഴുവന്‍ തുറന്നു കാട്ടുന്ന ചിത്രമായിരുന്നു ഇത്. സമൂഹത്തിലേക്ക് കുടുംബാംഗങ്ങളെ ഇറക്കിവിടാന്‍ പോലും പറ്റാത്ത വിധത്തില്‍ ദുഷിച്ചിരിക്കുകയാണെന്ന് സംവിധായകന്‍ വരുത്തി വക്കുന്നു. സെറ്റിട്ടാണ് പ്യുരിറ്റിയുടെ ആ കോട്ട സംവിധായകന്‍ തയ്യാറാക്കിയത്. പക്ഷേ മഴയല്ലാതെ അവിടേക്ക് ആരും വരില്ല. വീട്ടു തടങ്കലിന്റെ ഏറ്റവും ഭീകരമായ അവസ്ഥകള്‍ ചിത്രീകരിത്തുന്നതില്‍ റിപ്സ്റ്റീന്‍ വിജയിച്ചെന്ന് തന്നെ പറയാം. മൂന്നര മണിക്കൂറുള്ള ചിത്രം അതുകൊണ്ട് തന്നെ ഒരു നിമിഷം പോലും ബോറടിപ്പിച്ചില്ല.

ചിരിച്ച് പോയ ഹൊറര്‍ മൂവി-ന്യൂസിജന്‍ ഹൗസ്

ഐ എഫ് എഫ് കെയുടെ അവസാനം ഒരു ഹൊറര്‍ ചിത്രം കണ്ടാവട്ടെ എന്ന് കരുതിയാണ് കലാഭവനില്‍ ഫ്രഞ്ച് ചിത്രം ന്യൂസിജന്‍ ഹൗസിന് കയറിയത്. പക്ഷേ അനുഭവം ചിത്രത്തേക്കാളും ഭയാനകമായിരുന്നു. എവിടെ പ്രേതം, എവിടെ മനുഷ്യന്‍, എങ്ങിനെ പേടിക്കും, എന്താണ് കഥ, എന്താണ് നടക്കുന്നത്?.. ഒന്നും അറിയാനാവാത്ത വിധത്തിലായിരുന്നു ചിത്രം റോള്‍ റൂയിസ് സംവിധാനം ചെയ്തത്. 1925ലാണ് ചിത്രം നടക്കുന്നത്. ചൂതുകളിയില്‍ ജയിച്ച വില്യം ഹെന്റി ജയിംസ് ഒരു പഴയ കൊട്ടാരം വാങ്ങി അവിടെ ഭാര്യയുമായി താമത്തിനെത്തുന്നു. അസുഖങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ഭാര്യ ആന്‍ മേരിക്ക് ആശ്വാസമാവുമെന്ന് കരുതിയാണ് സാന്റിയാഗോക്കടുത്തുള്ള ഈ കൊട്ടാരത്തിലേക്ക് വില്യം മാറുന്നത്. കൊട്ടാരത്തില്‍ വേലക്കാരിയും തൂപ്പുകാരും പാചകക്കാരും പഴയ ചില താമസക്കാരുമുണ്ട്. ഇവര്‍ അവിടെ ആര്‍ക്കും ശല്യമില്ലാതെ ജീവിക്കുകയായിരുന്നു. പക്ഷേ എല്ലാം ആത്മാക്കളാണ്. പുതിയ അതിഥികള്‍ അവരെ അലോസരപ്പെടുത്തുന്നു. ഭയപ്പെടുത്തി ഓടിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ആത്മാവിലൊരാള്‍ ആനില്‍ പ്രവേശിക്കുകയാണ്. ആന്‍ മരിച്ചോ ഇല്ലയോ എന്ന് മനസിലാക്കാനാവാത്ത വിധം കഥ പോവുകയാണ്. അയാള്‍ക്ക് ഭാര്യയുടെ അവസ്ഥ പോലും മനസ്സിലാക്കാനാവുന്നില്ല. അവസാനം പ്രേതങ്ങളുമായുള്ള വാഗ്വോദങ്ങള്‍ക്കൊടുവില്‍ ആനിനെ വില്ല്യത്തിന് തിരിച്ചു ലഭിക്കുന്നു. വാഗ്വേദമല്ല, ഒരു തരത്തിലുള്ള സംഭാഷണ സന്ധിയാണ് അവസാനം നടക്കുന്നത്. പ്രേതമാണോ മനുഷ്യനാണോ മുന്നിലുള്ളതെന്ന് മനസിലാക്കാതെ പേടിപ്പിക്കുന്ന തരം ചിത്രങ്ങള്‍ മലയാളത്തില്‍ത്തന്നെ നിരവധി ഇറങ്ങിയിട്ടുണ്ട്. താണനിലവാരത്തിലുള്ള ഈ ചിത്രങ്ങളുടെ പരിസരത്തു പോലും എത്തുന്നില്ല ന്യൂസിജന്‍ ഹൗസ് എന്നതാണ് സത്യം. നാടകം പോലെ ഒരു വലിയ കൊട്ടാരം സെറ്റിട്ടൊരുക്കിയ ചിത്രം. നാടകീയമായ അഭിനയം. നാടകീയമായ കഥ. ഉറക്കിക്കളയുന്ന ഒട്ടും ദഹിക്കാത്ത ഒരു ചിത്രം, അതായിരുന്നു ന്യൂസിജന്‍ ഹൗസ്.

ഒരിടത്തുമെത്തിക്കാതെ 'ഒരട'

ഐ എഫ് എഫ് കെയില്‍ മത്സരവിഭാഗത്തിലെത്തുന്ന ചിത്രങ്ങള്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ ചലച്ചിത്ര അക്കാദമിയുടെ ചില അദൃശ്യമായ 'മാനദണ്ഡങ്ങളു'ണ്ടായിരുന്നു. ചിത്രം എത്രത്തോളം കാഴ്ചക്കാരെ ബോറടിപ്പിക്കും, ഏത് ചിത്രത്തിനാണ് ഏറ്റവും കൂടുതല്‍ പേര്‍ ഉറങ്ങി/ഇറങ്ങിപ്പോയത്? എന്നിങ്ങിനെ..
2008ലെ ഫെസ്റ്റിവലില്‍
അതിന്റെ വലിയ ഉദാഹരണമായിരുന്നു മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം നേടിയ 'പാര്‍ക്ക് വയാ' എന്ന ചിത്രം. അതേ പാതയില്‍ ഇത്തവണയെത്തിയതായിരുന്നു ടര്‍ക്കിയില്‍ നിന്നുള്ള ഒരട/ ദേര്‍ എന്ന ചിത്രം. രാവിലെത്തന്നെ കാണാന്‍ പോയതിനാല്‍ ഉറങ്ങാന്‍ പോലും പറ്റാതെ പീഡിപ്പിക്കുന്ന ചിത്രമായിരുന്നു ഇത്. Hakki Kurtulus & Melik Saracogl എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളേയുള്ളൂ.
അമ്മയുടെ മരണത്തെത്തുട
ര്‍ന്ന് വര്‍ഷങ്ങളായി രാജ്യത്തില്ലാതിരുന്ന മകന്‍ സഹോദരിയുടെ അടുത്തേക്ക് തിരിച്ചെത്തുകയാണ്. അയാളെ പഴയ കാര്യങ്ങള്‍ വേട്ടയാടുന്നുണ്ട്. വീട്ടില്‍ നിന്നാല്‍ ഭാവി തകരുമെന്ന ഭീതിയായിരുന്നു അയാളെ പ്രവാസിയാക്കിയത്. നിശബ്ദയായ അമ്മ, അനിയത്തി, ദൂരെ ദ്വീപില്‍ ഒറ്റക്ക് താമസിക്കുന്ന അഛന്‍...ഡിപ്രഷന്റെ ഒരു ലോകമായിരുന്നു അയാളുടേത്. അയാളുടെ യാത്ര പറച്ചിലിന് ശേഷവും അമ്മയുടെ ലോകം മാറുന്നില്ല. അവര്‍ വിദൂരമായ ദ്വീപിലേക്ക് നോക്കി എന്നും നില്‍ക്കും. ഒരിക്കല്‍ കരയിലെ കാത്തിരിപ്പ് അവസാനിച്ചത് ആ പുഴയിലായിരുന്നു. ആത്മഹത്യക്ക് മുമ്പ് മക്കള്‍ക്കും അഛനും അവര്‍ ഒരു കത്ത് നല്‍കിയിരുന്നു. ഓരോരുത്തരും ആ കത്ത് വായിക്കുന്നു. മക്കള്‍ അഛനെ കാണാന്‍ പോകുന്നു. കുറേ നേരം സംസാരിക്കുന്നു. വീട്ടുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. അതുവരെ അവരുടെ ലോകത്ത് ജീവിച്ചവര്‍ ഇപ്പോള്‍ അമ്മയെപ്പറ്റി മാത്രം പറയുന്നു..സംസാരം മാത്രം. ഇടക്ക് പൈപ്പ് തുറന്നാല്‍ മണിക്കൂറുകളോളം വെള്ളം പോവുന്നു. അമ്മയുടെ മൃതദേഹം കുളിപ്പിക്കാന്‍ തന്നെ ഒന്നര മണിക്കൂറുള്ള ചിത്രത്തിലെ അരമണിക്കൂറെടുത്തു. എന്തിനായിരുന്നു ഈ ലാഗിംഗ് എന്നു പോലും മനസിലാക്കിത്തരാന്‍ സംവിധായകനാവുന്നില്ല. ഈ വലിച്ചു നീട്ടല്‍ തന്നെയായിരുന്നു ചിത്രത്തെ നശിപ്പിച്ചത്. അവാര്‍ഡ് പ്രതീക്ഷിച്ച് 'അവാര്‍ഡ് പടമെന്ന' സ്വന്തം ലേബലും വാങ്ങിയാണ് 'ഒരട' മടങ്ങിയത്.

Tuesday, January 26, 2010

Whisper with the wind

Direction: Shahran Alidi
2009/Iraq/71min
കാറ്റിനെക്കുറിച്ച് പരാതി പറയുന്നവര്‍..
നല്ല സിനിമയോട് ചേര്‍ന്ന
ജീവിച്ച ഒരു കാലമുണ്ടായിരുന്നു ഇറാഖിന്. അന്ന് ഹോളിവുഡ് വരെ ബാഗ്ദാദിന്റെ തെരുവുകളില്‍ ചിത്രീകരണത്തിന്റെ സാധ്യതകള്‍ തേടി അലഞ്ഞിരുന്നു. എന്നാല്‍ സദ്ദാംഹുസൈന്റെ ഏകാധിപത്യം കലക്ക് കൈവിലങ്ങുകള്‍ തീര്‍ത്ത കാലത്തില്‍ ആ കാഴ്ചകള്‍ പതുക്കെപ്പതുക്കെ മാഞ്ഞു. അന്നത്തെ കാലത്തിന്റെ പേടിപ്പിക്കുന്ന ശേഷിപ്പുകള്‍ ഇറാഖില്‍ ഇന്നുമുണ്ട്. പ്രത്യേകിച്ച് തങ്ങളുടേതായ ഒരു പ്രവിശ്യക്ക് വേണ്ടി പോരാടിയ ഇറാഖിലെ 20ശതമാനം മാത്രം വരുന്ന ഭാഷാ ന്യൂനപക്ഷമായ കുര്‍ദ്ദുകളുടെയുള്ളില്‍. 1980കളിലെ സദ്ദാമിന്റെ കാലത്തെ കൂട്ടക്കൊലകളുടെയും പീഡനങ്ങളുടെയും പേടിപ്പെടുത്തുന്ന കഥകളാണ് അവര്‍ക്ക് പറയാനുള്ളത്. പക്ഷേ, നോക്കെത്താദൂരത്തോളം പ്രേതഭൂമി പോലെ പരന്നു കിടക്കുന്ന കുര്‍ദ്ദിസ്ഥാന്‍ പ്രവിശ്യയില്‍ വീശിയടിക്കുന്ന കാറ്റിനോട് മാത്രമേ അവര്‍ക്ക് പരാതി പറയാനാവുന്നുള്ളൂ. അതാകട്ടെ നിസ്സഹായതയുടെ ഒരു നേര്‍ത്ത നെടുവീര്‍പ്പ് മാത്രമാവുന്നു. കുര്‍ദ്ദിഷ് സംവിധായകനായ ഷഹ്‌റാം അലീദിയുടെ ആദ്യ ചിത്രമായ 'വിസ്‌പെര്‍ വിത്ത് ദ് വിന്‍ഡ്'(Whisper With the Wind- Shahram Alidi) തോക്കിന്‍മുനക്ക് കീഴിലുള്ള കുറേ നിസ്സഹായരുടെ ഈ നെടുവീര്‍പ്പുകളുടെ കഥയാണ് പറയുന്നത്. അഞ്ച് വര്‍ഷത്തോളമെടുത്ത് ചിത്രീകരിച്ച ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരിലേറെയും ഇറാനികളാണ്. അതുകൊണ്ട് തന്നെ ഇത് ഒരു ഇറാന്‍ പ്രൊഡക്ഷനാണെന്നാണ് ഷഹ്‌റാം പറയുന്നത്.
വൃദ്ധനായ മാംബാള്‍ഡര്‍ തന്റെ കൈയിലെ പഴയ ടേപ്‌റെക്കോര്‍ഡറില്‍ സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അത് പ്രദേശമാകെ എത്തിക്കുന്ന കുര്‍ദ്ദിസ്ഥാനിലെ ഒരു ദൂതനാണ്. കാണാതായ തങ്ങളുടെ രണ്ട് മക്കള്‍ വരുന്നതും കാത്തിരിക്കുകയാണ് ബാള്‍ഡറും ഭാര്യയും. തന്റെ യാത്രക്കിടയില്‍ പക്ഷേ അയാളുടെ മനസ്സ് നിറയെ ടേപ് റെക്കോര്‍ഡിലെ സന്ദേശം കൃത്യസ്ഥലത്തെത്തിക്കണമെന്നത് മാത്രമാണ്. എന്നാല്‍ പലപ്പോഴും ബാള്‍ഡറിന്റെ സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ മരവിച്ച മൃതദേഹങ്ങളും തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും മാത്രമായിരുന്നു ശേഷിച്ചിരുന്നത്. ഒരിക്കല്‍ ഒരു കുര്‍ദ്ദിഷ് ഒളിപ്പോരാളി അയാള്‍ക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ആദ്യ കരച്ചില്‍ റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിക്കണമെന്ന വ്യത്യസ്തമായ ഒരാവശ്യവുമായി ബാള്‍ഡറിനെ സമീപിക്കുന്നു. ദൗത്യം സന്തോഷത്തോടെ ഏറ്റെടുത്ത് ബാള്‍ഡര്‍ യാത്രയാവുന്നു. കുഞ്ഞിന്റെ കരച്ചിലുമായി അദ്ദേഹം തിരിച്ചെത്തുന്നുണ്ടെങ്കിലും ആ ഒളിപ്പോരാളി അവിടെയുണ്ടായിരുന്നില്ല. അയാളുടെ ഒളിത്താവളം തകര്‍ന്നു കിടക്കുന്നു. പക്ഷേ അവിടെയുണ്ടായിരുന്ന മറ്റൊരു പോരാളിക്ക് ബാള്‍ഡര്‍ ആ കരച്ചിലിന്റെ ടേപ്പ് കൈമാറുന്നു. ഒളിപ്പോരാളികള്‍ നടത്തുന്ന പേഷ്‌മെര്‍ഗ എന്ന നിരോധിത റേഡിയോയിലൂടെ അത് സംപ്രേക്ഷണം ചെയ്യുകയാണ്. നിസ്സഹായരായ കുറേ മനുഷ്യരുടെ ബിംബങ്ങള്‍ക്ക് മുകളിലൂടെ പൊടിക്കാറ്റിനൊപ്പം ആ കരച്ചില്‍ നിറയുന്നു. ആ കരച്ചില്‍ പ്രതീക്ഷയുടേതാതാകാം, പ്രതികരണത്തിന്റെയാകാം..
അധിനിവേശത്തിന്റെ മുഷ്ടിക്കുള്ളില്‍ ഞെരിഞ്ഞമരുന്ന ഒരു ജനവിഭാഗത്തിന്റെ നിസ്സഹായത അതിന്റെ മുഴുവന്‍ തീവ്രതയോടെയും ചിത്രത്തില്‍ സംവിധായകന്‍ കാണിച്ചിട്ടുണ്ട്. ചിത്രത്തിലുടനീളം ഛായാഗ്രാഹകനായ Touraj Aslani പകര്‍ത്തിയ അത്തരത്തിലുള്ള വിഹ്വലമായ കുറേ കാഴ്ചകള്‍ പ്രേക്ഷകന് കാണാം. എല്ലാ തകര്‍ച്ചയും കണ്ട് മനസ്സ് മരവിച്ച ചിത്രത്തിലെ മാംബാള്‍ഡര്‍ ഒരു ഫുട്‌ബോള്‍ ടീമിനുള്ള സന്ദേശവുമായി പോകുമ്പോള്‍ കാണുന്നത് ആ വലിയ മൈതാനത്ത് മണ്ണടിഞ്ഞ് ആരും തിരിഞ്ഞുനോക്കാനില്ലാതെ മരവിച്ച് കിടക്കുന്ന മൃതശരീരങ്ങളാണ്. എന്നാല്‍ ആ പ്രേതഭൂമിയില്‍ കിടന്ന് മണിക്കൂറുകളോളം അയാള്‍ ഉറങ്ങുകയാണ്. പ്രതിഷേധത്തിന്റെ ഒരു ശബ്ദം പോലും അയാളില്‍ നിന്നില്ല. പിന്നെപ്പിന്നെ അയാള്‍ പോകുന്നിടത്തെല്ലാം ഈ കാഴ്ചയാണ്. കല്ല്യാണവീട്ടിലും താഴ്‌വരയുടെ മറ്റ് ഭാഗങ്ങളിലുമെല്ലാം തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും ഉയരുന്ന പുകയും മാത്രം. അവസാനം അത്തരത്തില്‍ തകരുന്ന ഒരു കെട്ടിടത്തിനടിയില്‍ ബാള്‍ഡറുടെ ഭാര്യയും..അവിടെ അയാള്‍ ദൈവത്തെ വിളിച്ച് ഉറക്കെക്കരയുകയാണ്. എന്നാല്‍ ആകാശത്ത് പാറിപ്പറക്കുന്ന ഒരു പരുന്തിന്റെ ദൃശ്യവും പരുന്തിന്റെ കരച്ചില്‍ പോലെ പേടിപ്പെടുത്തുന്ന സംഗീതത്തിലും ആ കരച്ചില്‍ അലിഞ്ഞില്ലാതാവുന്നു. ചിത്രത്തില്‍ ഒരിടത്ത് സംവിധായകന്‍ കുറേ കല്‍ക്കൂമ്പാരങ്ങള്‍ കാണിക്കുന്നുണ്ട്. മക്കളെയും ഭര്‍ത്താക്കന്മാരെയുമൊക്കെ കാത്തിരിക്കുന്ന കുറേ അമ്മമാരാണ് പ്രതീക്ഷകളുടെ ആ കല്‍ക്കൂമ്പാരങ്ങളുണ്ടാക്കുന്നത്. എന്നാല്‍ വീശിയടിക്കുന്ന കാറ്റ് ആ കൂമ്പാരങ്ങളെ ഇടിച്ചു വീഴ്ത്തുകയാണെന്നാണ് അവരുടെ പരാതി. കുര്‍ദ്ദിസ്ഥാനിലെ എല്ലാവര്‍ക്കും ആ പരാതിയാണ്. പക്ഷേ അവിടെയെല്ലാം കാറ്റിന് വെടിക്കോപ്പുകളുടെ രൂപമാണ്..
അധിനിവേശകാലത്ത് ആവിഷ്‌ക്കാരസ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടുന്നത് ചിത്രത്തില്‍ കാണാം. Armed Forces of Kurdistan നടത്തുന്ന പെഷമെര്‍ഗ് എന്ന നിരോധിത റേഡിയോയിലൂടെയാണ് പലപ്പോഴും പ്രദേശവാസികള്‍ ആശ്വാസം കണ്ടെത്തുന്നത്. എന്നാല്‍ ആ ഫ്രീക്വന്‍സി ട്യൂണ്‍ ചെയ്യുന്നവരെ തിരഞ്ഞു പിടിച്ച് കൊല്ലുകയാണ് ഇറാഖ് പട്ടാളത്തിന്റെ പ്രധാന ജോലി. മരത്തില്‍ തൂങ്ങിയാടുന്ന റേഡിയോകളുടെ ദൃശ്യം ആ ഭീകരതയുടെ മുഴുവന്‍ തീവ്രതയും കാഴ്ചക്കാരനിലെത്തിക്കും. പേരിന്റെയൊപ്പം കുര്‍ദ്ദിസ്ഥാന്‍ ചേര്‍ത്ത, കുര്‍ദ്ദിസ്ഥാന്റെ വാനമ്പാടി എന്ന, ഗായകന് പാടാന്‍ അനുവാദമുണ്ട്, പക്ഷേ പേരിനൊപ്പമുള്ള കുര്‍ദ്ദിസ്ഥാന്‍ മാറ്റണം. ആരെങ്കിലും ആ പേര് വിളിച്ചാല്‍ അയാളോട് ദയവ് ചെയ്ത് അങ്ങിനെ വിളിക്കരുതെന്ന് പറയുന്നത് ഒരു ജനവിഭാഗത്തിന്റെ, നിലവിളിയാണ്.
ഒരു കുര്‍ദ്ദ് ആയതിനാല്‍ ചിത്രത്തില്‍ പക്ഷപാതപരമായ സമീപനമാണ് സംവിധായകനായ ഷഹ്‌റാമിന്റേതെന്ന് വിമര്‍ശനാത്മകമായി പറയാം. എന്നാല്‍ തോക്കിന്‍ മുനയില്‍ ജിവിതം അടുത്ത നിമിഷത്തില്‍ എന്താകുമെന്ന് പോലും പറയാനാവാത്ത അവസ്ഥയോടെ ജീവിക്കുന്ന ജനവിഭാഗങ്ങള്‍ അഫ്ഗാനിസ്ഥാനിലും ഇറാഖിലും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലുമെല്ലാം ഇന്നും ജീവിക്കുന്നുണ്ടെന്നോര്‍ക്കുമ്പോഴാണ് ആ വിമര്‍ശനത്തിന്റെ പ്രസക്തി നഷ്ടമാവുന്നത്. ഇവിടങ്ങളിലെല്ലാം കാറ്റിനോടൊപ്പം കരയുന്നത് നിസ്സഹായരാണ്. നിസ്സഹായരുടെ കഥ എല്ലായിടത്തും ഒരുപോലെയല്ലേ..?

A Step into darkness

Direction:Atil Inac

Turkey/120min/2009

ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തിനു നേരെ കലാകാരന്മാരുടെ ആക്രമണം നാളുകളായുണ്ട്‌, പ്രത്യേകിച്ചും ചലച്ചിത്രലോകത്തു നിന്നും.. അമേരിക്കയില്‍ നിന്നായാലും ഇറാഖില്‍ നിന്നായാലും വിമര്‍ശനത്തിന്റെ കാര്യത്തില്‍ ഒരു കുറവുമില്ല. പക്ഷേ അതൊരു നേരിട്ടുള്ള ചീത്ത പറച്ചിലല്ല, കുറേ പേരുടെ വേദനയാണ്‌. ആ വേദനയുടെ ദൃശ്യഭാഷയിലൂടെ കുറേ പേര്‍ക്ക്‌ അധിനിവേശത്തിനു നേരെ ചില മറുവാക്കെങ്കിലും പറയാനാവുന്നു..
വടക്കന്‍ ഇറാഖിലെ നെയ്‌ത്തുകാരുടെ ഒരു കൊച്ചുഗ്രാമത്തില്‍ ഒരു രാത്രിയില്‍ തീവ്രവാദികള്‍ക്കു വേണ്ടിയെന്ന പേരില്‍ അമേരിക്കന്‍ സൈന്യം നടത്തുന്ന തിരച്ചിലില്‍ സെനറ്റ്‌ എന്ന തുര്‍ക്കി യുവതിയുടെ കുടുംബത്തിലെ എല്ലാവരും കൊല ചെയ്യപ്പെടുന്നു. ഇറാഖി ജനതക്ക്‌ മേലുള്ള യു എസ്‌ സൈന്യത്തിന്റെ പതിവ്‌ പരിപാടിയാണ്‌ ഈ `തിരച്ചില്‍'. എല്ലാം നഷ്‌ടപ്പെട്ട സെനറ്റിന്റെ മുന്നിലുള്ള ഏക ആശ്രയം കിര്‍ക്കുക്കിലുള്ള സഹോദരന്‍ അസിമാണ്‌. ഒരിക്കല്‍ പോലും വീട്‌ വിട്ട്‌ പുറംലോകത്തേക്കിറങ്ങാത്ത സെനറ്റ്‌ അവസാനം കിര്‍ക്കുക്കിലേക്ക്‌ പോകുന്നു. എന്നാല്‍ അസിം ഒരു ബോംബ്‌ സ്‌ഫോടനത്തില്‍ മാരകമായി പരിക്കേറ്റ്‌ തുര്‍ക്കിയില്‍ ചികിത്സക്കായി പോയെന്ന വാര്‍ത്തയാണ്‌ സെനറ്റിനെ കാത്തിരുന്നത്‌. നേരായ വഴിയിലൂടെ അവള്‍ക്ക്‌ ടര്‍ക്കിയിലെത്താനാവില്ല. കള്ളക്കടത്തുകാരും തീവ്രവാദികളും സൈന്യവും നിറഞ്ഞ്‌ സംഘര്‍ഷബാധിതമായ ഇറാഖ്‌-തുര്‍ക്കി അതിര്‍ത്തിയിലൂടെ തുര്‍ക്കിയിലേക്ക്‌ അനധികൃതമായി കടക്കുന്നത്‌ അത്ര എളുപ്പവുമല്ല. പക്ഷേ എങ്ങിനെയെങ്കിലും തുര്‍ക്കിയിലെത്തണമെന്ന അവളുടെ ആഗ്രഹത്തിനു മുന്നില്‍ ഒരു കൂട്ടം കള്ളക്കടത്തുകാര്‍ സഹായഹസ്‌തവുമായെത്തുന്നു. എന്നാല്‍ യാത്രക്കിടെ ആ സംഘത്തിലെ ഒരാള്‍ അവളെ മാനഭംഗപ്പെടുത്തുന്നു. ആത്മഹത്യക്ക്‌ ശ്രമിച്ച അവളെ രക്ഷിക്കുന്നത്‌ ഒരു തീവ്രമുസ്ലിം സംഘടനയിലെ അംഗങ്ങളാണ്‌. ഇവരുടെ സഹായത്തോടെ ഇസ്‌താംബുളിലെത്തി സഹോദരനെ തിരയുന്നെങ്കിലും കണ്ടെത്താനാകുന്നില്ല. യഥാര്‍ഥത്തില്‍ അസിം ഒരു കാല്‍ നഷ്‌ടപ്പെട്ട്‌ ജീവനോടെയുണ്ടെങ്കിലും അയാള്‍ മരിച്ചുവെന്നാണ്‌ ഈ മുസ്ലിം സംഘടനയിലെ അംഗങ്ങള്‍ അവളോട്‌ പറയുന്നത്‌. എല്ലാം നഷ്‌ടപ്പെട്ട അവള്‍ക്ക്‌ മുന്നില്‍ ആ മുസ്ലിം സംഘടനയിലെ ഒരു നേതാവ്‌ പകരംവീട്ടാനായി ജിഹാദിന്റെ വഴിയുമായെത്തുന്നു. സെനറ്റും അവളോടൊപ്പമുണ്ടായിരുന്ന ഒരു സ്‌ത്രീയും ചാവേറുകളാവുകയാണ്‌. യു എസ്‌ കോണ്‍സലേറ്റാണ്‌ അവരുടെ ലക്ഷ്യം. ദൗത്യത്തില്‍ ഒരാള്‍ വിജയം കാണുന്നെങ്കിലും സെനറ്റിന്റെ പദ്ധതി നടക്കുന്നില്ല. അവസാനം നെഞ്ചില്‍ ചേര്‍ത്തു വച്ച ബോംബ്‌ ഊരിമാറ്റി അവള്‍ നഗരത്തിലേക്കിറങ്ങുയാണ്‌. എതിരെ വരുന്ന സഹോദരനെപ്പോലും കാണാനാവാതെ ഇസ്‌താംബുളിലെ തിരക്കില്‍ അവള്‍ മറയുന്നു. ഇരുട്ടിലേക്കെന്ന പോലെ..
ചിത്രത്തില്‍ മുക്കാല്‍ ഭാഗവും നിറഞ്ഞു നില്‍ക്കുന്നത്‌ സെനറ്റാണ്‌. അതില്‍തന്നെ അവളുടെ വിഹ്വലമായ വെള്ളാരങ്കല്ലിന്റെ നിറമുള്ള രണ്ട്‌ കണ്ണുകളും. ആ കണ്ണുകളാണ്‌ അവളുടെ വീട്ടുകാര്‍ കൊല്ലപ്പെടുമ്പോഴും ബലാത്സംഗം ചെയ്യപ്പെടുമ്പോഴും ചാവേറായി മരിക്കാന്‍ തയ്യാറാവുന്ന നിമിഷത്തിലും നമ്മോട്‌ സംസാരിക്കുന്നത്‌. പക്ഷേ ചിലപ്പോഴൊക്കെ അഭിനയത്തില്‍ സെനറ്റിന്റെ ശരീരഭാഷ തെറ്റുന്നുണ്ടെന്നത്‌ സമ്മതിക്കാതെ വയ്യ. ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രശസ്‌തയായ സൂസന്‍ ജെന്നാണ്‌ ചിത്രത്തില്‍ സെനറ്റായി അഭിനയിച്ചിരിക്കുന്നത്‌.
പ്രയോഗിച്ച രീതി കൊണ്ട്‌ പിഴച്ചു പോയ സ്‌ത്രീയുടെ നഗ്നതയുടെ ഒരു രാഷ്‌ട്രീയവും ചിത്രത്തില്‍ കാണാം. ചാവേറാകുന്നതിനു മുമ്പ്‌ മാറില്‍ കറുത്ത പശ തേക്കുന്ന സെനറ്റും മറ്റൊരു സ്‌ത്രീയുടെയും ഒരു രംഗമുണ്ട്‌. അതുവരെ ചിത്രത്തിലുടനീളം കാണാനാവുക തുര്‍ക്കിയിലെ സ്‌ത്രീകളുടെ, ശരീരമാകെ മറച്ചുള്ള പരമ്പരാഗത മുസ്ലിം വേഷമാണ്‌. ഈ വ്യവസ്ഥിതിക്കെതിരെ ശരീരം തുറന്നുകാണിച്ചുള്ള സ്‌ത്രീയുടെ പ്രതിരോധത്തെയാണ്‌ സംവിധായകന്‍ ഉദ്ദേശിച്ചതെങ്കിലും പിഴച്ചു പോയി. തങ്ങളെ അടിച്ചമര്‍ത്തുന്ന ഒരു വ്യവസ്ഥിതിക്കെതിരെ പ്രതിഷേധിക്കാനൊരുങ്ങുന്നതിനു മുന്നോടിയായാണ്‌ ഈ സീനെന്നും ഓര്‍ക്കണം.
അമേരിക്കന്‍ അധിനിവേശത്തിന്‌ നേരെയുള്ള സംവിധായകന്റെ പ്രതിഷേധം ചിത്രത്തില്‍ പലപ്പോഴും നേരിട്ടാണ്‌. താന്‍ സൃഷ്‌ടിച്ച കഥാപാത്രങ്ങള്‍ ടി വിയിലെ യുദ്ധവാര്‍ത്തകള്‍ കണ്ട്‌ അമേരിക്കയെ നേരിട്ട്‌ പുലഭ്യം പറയുകയാണ്‌. എന്നാല്‍ പകുതി കഴിയുമ്പോഴേക്കും ചിത്രത്തിലെ ചര്‍ച്ചാവിഷയം തീവ്ര ഇസ്ലാമിസം, പ്രത്യേകിച്ച്‌ ജിഹാദാവുന്നു. സ്വന്തം കുടുംബവും ചാരിത്ര്യവും നഷ്‌ടപ്പെട്ട്‌ ഇനിയെന്ത്‌ എന്ന ചോദ്യവുമായി നില്‍ക്കുന്ന സെനറ്റിന്റെ മനസ്സിലേക്ക്‌ ജിഹാദിലേക്ക്‌ പ്രേരിപ്പിക്കുന്ന തീവ്രമായ വാക്കുകളാണ്‌ പതിക്കുന്നത്‌. മനുഷ്യ ബോംബാവാന്‍ സെനറ്റ്‌ തയ്യാറാകുന്നുണ്ടെങ്കിലും രാത്രിയില്‍ സ്വപ്‌നത്തില്‍ കുറ്റബോധത്തില്‍ അവള്‍ അമ്മയെ വിളിച്ച്‌ നിസ്സഹായതയോടെ കരയുകയാണ്‌. സെനറ്റിനെ ദൗത്യത്തിനയക്കുന്ന ജിഹാദി നേതാവ്‌ അവസാനം രാജ്യം വിടുന്ന ഒരു ചെറിയ സീന്‍ നിസ്സഹായരെ ഉപയോഗപ്പെടുത്തി കാര്യം കാണുന്നവന്റെ മുഖം വെളിപ്പെടുത്തുന്നതാണ്‌. മനുഷ്യബോംബായി യാത്രയാവുന്ന സെനറ്റിന്റെയും കൂടെയുള്ള സ്‌ത്രീയുടെയും ദൗത്യനിര്‍വ്വഹണത്തിന്റെ അരമണിക്കൂറാണ്‌ ചിത്രത്തിന്റെ അന്ത്യത്തെ കുറിക്കുന്നത്‌. നിശബ്‌ദതയില്‍ നിന്നുയരുന്ന സ്‌ഫോടനമുള്‍പ്പെടെ വിഹ്വലമായ കാഴ്‌ചകളുമായി മികച്ച രീതിയില്‍ തന്നെ സംവിധായകന്‍ ഇത്‌ അനുഭവവേദ്യമാക്കിയിട്ടുണ്ട്‌.
അധിനിവേശത്തിനെതിരെ തുടര്‍ച്ചയായി ഇറാഖില്‍ നിന്നും പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ ശ്രേണിയില്‍ തന്നെയാണ്‌ `സ്റ്റെപ്‌ ഇന്‍ ടു ദി ഡാര്‍ക്ക്‌നെസിന്റെ'യും സ്ഥാനം.