Tuesday, January 26, 2010

A Step into darkness

Direction:Atil Inac

Turkey/120min/2009

ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തിനു നേരെ കലാകാരന്മാരുടെ ആക്രമണം നാളുകളായുണ്ട്‌, പ്രത്യേകിച്ചും ചലച്ചിത്രലോകത്തു നിന്നും.. അമേരിക്കയില്‍ നിന്നായാലും ഇറാഖില്‍ നിന്നായാലും വിമര്‍ശനത്തിന്റെ കാര്യത്തില്‍ ഒരു കുറവുമില്ല. പക്ഷേ അതൊരു നേരിട്ടുള്ള ചീത്ത പറച്ചിലല്ല, കുറേ പേരുടെ വേദനയാണ്‌. ആ വേദനയുടെ ദൃശ്യഭാഷയിലൂടെ കുറേ പേര്‍ക്ക്‌ അധിനിവേശത്തിനു നേരെ ചില മറുവാക്കെങ്കിലും പറയാനാവുന്നു..
വടക്കന്‍ ഇറാഖിലെ നെയ്‌ത്തുകാരുടെ ഒരു കൊച്ചുഗ്രാമത്തില്‍ ഒരു രാത്രിയില്‍ തീവ്രവാദികള്‍ക്കു വേണ്ടിയെന്ന പേരില്‍ അമേരിക്കന്‍ സൈന്യം നടത്തുന്ന തിരച്ചിലില്‍ സെനറ്റ്‌ എന്ന തുര്‍ക്കി യുവതിയുടെ കുടുംബത്തിലെ എല്ലാവരും കൊല ചെയ്യപ്പെടുന്നു. ഇറാഖി ജനതക്ക്‌ മേലുള്ള യു എസ്‌ സൈന്യത്തിന്റെ പതിവ്‌ പരിപാടിയാണ്‌ ഈ `തിരച്ചില്‍'. എല്ലാം നഷ്‌ടപ്പെട്ട സെനറ്റിന്റെ മുന്നിലുള്ള ഏക ആശ്രയം കിര്‍ക്കുക്കിലുള്ള സഹോദരന്‍ അസിമാണ്‌. ഒരിക്കല്‍ പോലും വീട്‌ വിട്ട്‌ പുറംലോകത്തേക്കിറങ്ങാത്ത സെനറ്റ്‌ അവസാനം കിര്‍ക്കുക്കിലേക്ക്‌ പോകുന്നു. എന്നാല്‍ അസിം ഒരു ബോംബ്‌ സ്‌ഫോടനത്തില്‍ മാരകമായി പരിക്കേറ്റ്‌ തുര്‍ക്കിയില്‍ ചികിത്സക്കായി പോയെന്ന വാര്‍ത്തയാണ്‌ സെനറ്റിനെ കാത്തിരുന്നത്‌. നേരായ വഴിയിലൂടെ അവള്‍ക്ക്‌ ടര്‍ക്കിയിലെത്താനാവില്ല. കള്ളക്കടത്തുകാരും തീവ്രവാദികളും സൈന്യവും നിറഞ്ഞ്‌ സംഘര്‍ഷബാധിതമായ ഇറാഖ്‌-തുര്‍ക്കി അതിര്‍ത്തിയിലൂടെ തുര്‍ക്കിയിലേക്ക്‌ അനധികൃതമായി കടക്കുന്നത്‌ അത്ര എളുപ്പവുമല്ല. പക്ഷേ എങ്ങിനെയെങ്കിലും തുര്‍ക്കിയിലെത്തണമെന്ന അവളുടെ ആഗ്രഹത്തിനു മുന്നില്‍ ഒരു കൂട്ടം കള്ളക്കടത്തുകാര്‍ സഹായഹസ്‌തവുമായെത്തുന്നു. എന്നാല്‍ യാത്രക്കിടെ ആ സംഘത്തിലെ ഒരാള്‍ അവളെ മാനഭംഗപ്പെടുത്തുന്നു. ആത്മഹത്യക്ക്‌ ശ്രമിച്ച അവളെ രക്ഷിക്കുന്നത്‌ ഒരു തീവ്രമുസ്ലിം സംഘടനയിലെ അംഗങ്ങളാണ്‌. ഇവരുടെ സഹായത്തോടെ ഇസ്‌താംബുളിലെത്തി സഹോദരനെ തിരയുന്നെങ്കിലും കണ്ടെത്താനാകുന്നില്ല. യഥാര്‍ഥത്തില്‍ അസിം ഒരു കാല്‍ നഷ്‌ടപ്പെട്ട്‌ ജീവനോടെയുണ്ടെങ്കിലും അയാള്‍ മരിച്ചുവെന്നാണ്‌ ഈ മുസ്ലിം സംഘടനയിലെ അംഗങ്ങള്‍ അവളോട്‌ പറയുന്നത്‌. എല്ലാം നഷ്‌ടപ്പെട്ട അവള്‍ക്ക്‌ മുന്നില്‍ ആ മുസ്ലിം സംഘടനയിലെ ഒരു നേതാവ്‌ പകരംവീട്ടാനായി ജിഹാദിന്റെ വഴിയുമായെത്തുന്നു. സെനറ്റും അവളോടൊപ്പമുണ്ടായിരുന്ന ഒരു സ്‌ത്രീയും ചാവേറുകളാവുകയാണ്‌. യു എസ്‌ കോണ്‍സലേറ്റാണ്‌ അവരുടെ ലക്ഷ്യം. ദൗത്യത്തില്‍ ഒരാള്‍ വിജയം കാണുന്നെങ്കിലും സെനറ്റിന്റെ പദ്ധതി നടക്കുന്നില്ല. അവസാനം നെഞ്ചില്‍ ചേര്‍ത്തു വച്ച ബോംബ്‌ ഊരിമാറ്റി അവള്‍ നഗരത്തിലേക്കിറങ്ങുയാണ്‌. എതിരെ വരുന്ന സഹോദരനെപ്പോലും കാണാനാവാതെ ഇസ്‌താംബുളിലെ തിരക്കില്‍ അവള്‍ മറയുന്നു. ഇരുട്ടിലേക്കെന്ന പോലെ..
ചിത്രത്തില്‍ മുക്കാല്‍ ഭാഗവും നിറഞ്ഞു നില്‍ക്കുന്നത്‌ സെനറ്റാണ്‌. അതില്‍തന്നെ അവളുടെ വിഹ്വലമായ വെള്ളാരങ്കല്ലിന്റെ നിറമുള്ള രണ്ട്‌ കണ്ണുകളും. ആ കണ്ണുകളാണ്‌ അവളുടെ വീട്ടുകാര്‍ കൊല്ലപ്പെടുമ്പോഴും ബലാത്സംഗം ചെയ്യപ്പെടുമ്പോഴും ചാവേറായി മരിക്കാന്‍ തയ്യാറാവുന്ന നിമിഷത്തിലും നമ്മോട്‌ സംസാരിക്കുന്നത്‌. പക്ഷേ ചിലപ്പോഴൊക്കെ അഭിനയത്തില്‍ സെനറ്റിന്റെ ശരീരഭാഷ തെറ്റുന്നുണ്ടെന്നത്‌ സമ്മതിക്കാതെ വയ്യ. ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രശസ്‌തയായ സൂസന്‍ ജെന്നാണ്‌ ചിത്രത്തില്‍ സെനറ്റായി അഭിനയിച്ചിരിക്കുന്നത്‌.
പ്രയോഗിച്ച രീതി കൊണ്ട്‌ പിഴച്ചു പോയ സ്‌ത്രീയുടെ നഗ്നതയുടെ ഒരു രാഷ്‌ട്രീയവും ചിത്രത്തില്‍ കാണാം. ചാവേറാകുന്നതിനു മുമ്പ്‌ മാറില്‍ കറുത്ത പശ തേക്കുന്ന സെനറ്റും മറ്റൊരു സ്‌ത്രീയുടെയും ഒരു രംഗമുണ്ട്‌. അതുവരെ ചിത്രത്തിലുടനീളം കാണാനാവുക തുര്‍ക്കിയിലെ സ്‌ത്രീകളുടെ, ശരീരമാകെ മറച്ചുള്ള പരമ്പരാഗത മുസ്ലിം വേഷമാണ്‌. ഈ വ്യവസ്ഥിതിക്കെതിരെ ശരീരം തുറന്നുകാണിച്ചുള്ള സ്‌ത്രീയുടെ പ്രതിരോധത്തെയാണ്‌ സംവിധായകന്‍ ഉദ്ദേശിച്ചതെങ്കിലും പിഴച്ചു പോയി. തങ്ങളെ അടിച്ചമര്‍ത്തുന്ന ഒരു വ്യവസ്ഥിതിക്കെതിരെ പ്രതിഷേധിക്കാനൊരുങ്ങുന്നതിനു മുന്നോടിയായാണ്‌ ഈ സീനെന്നും ഓര്‍ക്കണം.
അമേരിക്കന്‍ അധിനിവേശത്തിന്‌ നേരെയുള്ള സംവിധായകന്റെ പ്രതിഷേധം ചിത്രത്തില്‍ പലപ്പോഴും നേരിട്ടാണ്‌. താന്‍ സൃഷ്‌ടിച്ച കഥാപാത്രങ്ങള്‍ ടി വിയിലെ യുദ്ധവാര്‍ത്തകള്‍ കണ്ട്‌ അമേരിക്കയെ നേരിട്ട്‌ പുലഭ്യം പറയുകയാണ്‌. എന്നാല്‍ പകുതി കഴിയുമ്പോഴേക്കും ചിത്രത്തിലെ ചര്‍ച്ചാവിഷയം തീവ്ര ഇസ്ലാമിസം, പ്രത്യേകിച്ച്‌ ജിഹാദാവുന്നു. സ്വന്തം കുടുംബവും ചാരിത്ര്യവും നഷ്‌ടപ്പെട്ട്‌ ഇനിയെന്ത്‌ എന്ന ചോദ്യവുമായി നില്‍ക്കുന്ന സെനറ്റിന്റെ മനസ്സിലേക്ക്‌ ജിഹാദിലേക്ക്‌ പ്രേരിപ്പിക്കുന്ന തീവ്രമായ വാക്കുകളാണ്‌ പതിക്കുന്നത്‌. മനുഷ്യ ബോംബാവാന്‍ സെനറ്റ്‌ തയ്യാറാകുന്നുണ്ടെങ്കിലും രാത്രിയില്‍ സ്വപ്‌നത്തില്‍ കുറ്റബോധത്തില്‍ അവള്‍ അമ്മയെ വിളിച്ച്‌ നിസ്സഹായതയോടെ കരയുകയാണ്‌. സെനറ്റിനെ ദൗത്യത്തിനയക്കുന്ന ജിഹാദി നേതാവ്‌ അവസാനം രാജ്യം വിടുന്ന ഒരു ചെറിയ സീന്‍ നിസ്സഹായരെ ഉപയോഗപ്പെടുത്തി കാര്യം കാണുന്നവന്റെ മുഖം വെളിപ്പെടുത്തുന്നതാണ്‌. മനുഷ്യബോംബായി യാത്രയാവുന്ന സെനറ്റിന്റെയും കൂടെയുള്ള സ്‌ത്രീയുടെയും ദൗത്യനിര്‍വ്വഹണത്തിന്റെ അരമണിക്കൂറാണ്‌ ചിത്രത്തിന്റെ അന്ത്യത്തെ കുറിക്കുന്നത്‌. നിശബ്‌ദതയില്‍ നിന്നുയരുന്ന സ്‌ഫോടനമുള്‍പ്പെടെ വിഹ്വലമായ കാഴ്‌ചകളുമായി മികച്ച രീതിയില്‍ തന്നെ സംവിധായകന്‍ ഇത്‌ അനുഭവവേദ്യമാക്കിയിട്ടുണ്ട്‌.
അധിനിവേശത്തിനെതിരെ തുടര്‍ച്ചയായി ഇറാഖില്‍ നിന്നും പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ ശ്രേണിയില്‍ തന്നെയാണ്‌ `സ്റ്റെപ്‌ ഇന്‍ ടു ദി ഡാര്‍ക്ക്‌നെസിന്റെ'യും സ്ഥാനം.


No comments:

Post a Comment