Thursday, February 18, 2010

ചിരിച്ച് പോയ ഹൊറര്‍ മൂവി-ന്യൂസിജന്‍ ഹൗസ്

ഐ എഫ് എഫ് കെയുടെ അവസാനം ഒരു ഹൊറര്‍ ചിത്രം കണ്ടാവട്ടെ എന്ന് കരുതിയാണ് കലാഭവനില്‍ ഫ്രഞ്ച് ചിത്രം ന്യൂസിജന്‍ ഹൗസിന് കയറിയത്. പക്ഷേ അനുഭവം ചിത്രത്തേക്കാളും ഭയാനകമായിരുന്നു. എവിടെ പ്രേതം, എവിടെ മനുഷ്യന്‍, എങ്ങിനെ പേടിക്കും, എന്താണ് കഥ, എന്താണ് നടക്കുന്നത്?.. ഒന്നും അറിയാനാവാത്ത വിധത്തിലായിരുന്നു ചിത്രം റോള്‍ റൂയിസ് സംവിധാനം ചെയ്തത്. 1925ലാണ് ചിത്രം നടക്കുന്നത്. ചൂതുകളിയില്‍ ജയിച്ച വില്യം ഹെന്റി ജയിംസ് ഒരു പഴയ കൊട്ടാരം വാങ്ങി അവിടെ ഭാര്യയുമായി താമത്തിനെത്തുന്നു. അസുഖങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ഭാര്യ ആന്‍ മേരിക്ക് ആശ്വാസമാവുമെന്ന് കരുതിയാണ് സാന്റിയാഗോക്കടുത്തുള്ള ഈ കൊട്ടാരത്തിലേക്ക് വില്യം മാറുന്നത്. കൊട്ടാരത്തില്‍ വേലക്കാരിയും തൂപ്പുകാരും പാചകക്കാരും പഴയ ചില താമസക്കാരുമുണ്ട്. ഇവര്‍ അവിടെ ആര്‍ക്കും ശല്യമില്ലാതെ ജീവിക്കുകയായിരുന്നു. പക്ഷേ എല്ലാം ആത്മാക്കളാണ്. പുതിയ അതിഥികള്‍ അവരെ അലോസരപ്പെടുത്തുന്നു. ഭയപ്പെടുത്തി ഓടിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ആത്മാവിലൊരാള്‍ ആനില്‍ പ്രവേശിക്കുകയാണ്. ആന്‍ മരിച്ചോ ഇല്ലയോ എന്ന് മനസിലാക്കാനാവാത്ത വിധം കഥ പോവുകയാണ്. അയാള്‍ക്ക് ഭാര്യയുടെ അവസ്ഥ പോലും മനസ്സിലാക്കാനാവുന്നില്ല. അവസാനം പ്രേതങ്ങളുമായുള്ള വാഗ്വോദങ്ങള്‍ക്കൊടുവില്‍ ആനിനെ വില്ല്യത്തിന് തിരിച്ചു ലഭിക്കുന്നു. വാഗ്വേദമല്ല, ഒരു തരത്തിലുള്ള സംഭാഷണ സന്ധിയാണ് അവസാനം നടക്കുന്നത്. പ്രേതമാണോ മനുഷ്യനാണോ മുന്നിലുള്ളതെന്ന് മനസിലാക്കാതെ പേടിപ്പിക്കുന്ന തരം ചിത്രങ്ങള്‍ മലയാളത്തില്‍ത്തന്നെ നിരവധി ഇറങ്ങിയിട്ടുണ്ട്. താണനിലവാരത്തിലുള്ള ഈ ചിത്രങ്ങളുടെ പരിസരത്തു പോലും എത്തുന്നില്ല ന്യൂസിജന്‍ ഹൗസ് എന്നതാണ് സത്യം. നാടകം പോലെ ഒരു വലിയ കൊട്ടാരം സെറ്റിട്ടൊരുക്കിയ ചിത്രം. നാടകീയമായ അഭിനയം. നാടകീയമായ കഥ. ഉറക്കിക്കളയുന്ന ഒട്ടും ദഹിക്കാത്ത ഒരു ചിത്രം, അതായിരുന്നു ന്യൂസിജന്‍ ഹൗസ്.

No comments:

Post a Comment