Tuesday, January 26, 2010

Whisper with the wind

Direction: Shahran Alidi
2009/Iraq/71min
കാറ്റിനെക്കുറിച്ച് പരാതി പറയുന്നവര്‍..
നല്ല സിനിമയോട് ചേര്‍ന്ന
ജീവിച്ച ഒരു കാലമുണ്ടായിരുന്നു ഇറാഖിന്. അന്ന് ഹോളിവുഡ് വരെ ബാഗ്ദാദിന്റെ തെരുവുകളില്‍ ചിത്രീകരണത്തിന്റെ സാധ്യതകള്‍ തേടി അലഞ്ഞിരുന്നു. എന്നാല്‍ സദ്ദാംഹുസൈന്റെ ഏകാധിപത്യം കലക്ക് കൈവിലങ്ങുകള്‍ തീര്‍ത്ത കാലത്തില്‍ ആ കാഴ്ചകള്‍ പതുക്കെപ്പതുക്കെ മാഞ്ഞു. അന്നത്തെ കാലത്തിന്റെ പേടിപ്പിക്കുന്ന ശേഷിപ്പുകള്‍ ഇറാഖില്‍ ഇന്നുമുണ്ട്. പ്രത്യേകിച്ച് തങ്ങളുടേതായ ഒരു പ്രവിശ്യക്ക് വേണ്ടി പോരാടിയ ഇറാഖിലെ 20ശതമാനം മാത്രം വരുന്ന ഭാഷാ ന്യൂനപക്ഷമായ കുര്‍ദ്ദുകളുടെയുള്ളില്‍. 1980കളിലെ സദ്ദാമിന്റെ കാലത്തെ കൂട്ടക്കൊലകളുടെയും പീഡനങ്ങളുടെയും പേടിപ്പെടുത്തുന്ന കഥകളാണ് അവര്‍ക്ക് പറയാനുള്ളത്. പക്ഷേ, നോക്കെത്താദൂരത്തോളം പ്രേതഭൂമി പോലെ പരന്നു കിടക്കുന്ന കുര്‍ദ്ദിസ്ഥാന്‍ പ്രവിശ്യയില്‍ വീശിയടിക്കുന്ന കാറ്റിനോട് മാത്രമേ അവര്‍ക്ക് പരാതി പറയാനാവുന്നുള്ളൂ. അതാകട്ടെ നിസ്സഹായതയുടെ ഒരു നേര്‍ത്ത നെടുവീര്‍പ്പ് മാത്രമാവുന്നു. കുര്‍ദ്ദിഷ് സംവിധായകനായ ഷഹ്‌റാം അലീദിയുടെ ആദ്യ ചിത്രമായ 'വിസ്‌പെര്‍ വിത്ത് ദ് വിന്‍ഡ്'(Whisper With the Wind- Shahram Alidi) തോക്കിന്‍മുനക്ക് കീഴിലുള്ള കുറേ നിസ്സഹായരുടെ ഈ നെടുവീര്‍പ്പുകളുടെ കഥയാണ് പറയുന്നത്. അഞ്ച് വര്‍ഷത്തോളമെടുത്ത് ചിത്രീകരിച്ച ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരിലേറെയും ഇറാനികളാണ്. അതുകൊണ്ട് തന്നെ ഇത് ഒരു ഇറാന്‍ പ്രൊഡക്ഷനാണെന്നാണ് ഷഹ്‌റാം പറയുന്നത്.
വൃദ്ധനായ മാംബാള്‍ഡര്‍ തന്റെ കൈയിലെ പഴയ ടേപ്‌റെക്കോര്‍ഡറില്‍ സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അത് പ്രദേശമാകെ എത്തിക്കുന്ന കുര്‍ദ്ദിസ്ഥാനിലെ ഒരു ദൂതനാണ്. കാണാതായ തങ്ങളുടെ രണ്ട് മക്കള്‍ വരുന്നതും കാത്തിരിക്കുകയാണ് ബാള്‍ഡറും ഭാര്യയും. തന്റെ യാത്രക്കിടയില്‍ പക്ഷേ അയാളുടെ മനസ്സ് നിറയെ ടേപ് റെക്കോര്‍ഡിലെ സന്ദേശം കൃത്യസ്ഥലത്തെത്തിക്കണമെന്നത് മാത്രമാണ്. എന്നാല്‍ പലപ്പോഴും ബാള്‍ഡറിന്റെ സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ മരവിച്ച മൃതദേഹങ്ങളും തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും മാത്രമായിരുന്നു ശേഷിച്ചിരുന്നത്. ഒരിക്കല്‍ ഒരു കുര്‍ദ്ദിഷ് ഒളിപ്പോരാളി അയാള്‍ക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ആദ്യ കരച്ചില്‍ റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിക്കണമെന്ന വ്യത്യസ്തമായ ഒരാവശ്യവുമായി ബാള്‍ഡറിനെ സമീപിക്കുന്നു. ദൗത്യം സന്തോഷത്തോടെ ഏറ്റെടുത്ത് ബാള്‍ഡര്‍ യാത്രയാവുന്നു. കുഞ്ഞിന്റെ കരച്ചിലുമായി അദ്ദേഹം തിരിച്ചെത്തുന്നുണ്ടെങ്കിലും ആ ഒളിപ്പോരാളി അവിടെയുണ്ടായിരുന്നില്ല. അയാളുടെ ഒളിത്താവളം തകര്‍ന്നു കിടക്കുന്നു. പക്ഷേ അവിടെയുണ്ടായിരുന്ന മറ്റൊരു പോരാളിക്ക് ബാള്‍ഡര്‍ ആ കരച്ചിലിന്റെ ടേപ്പ് കൈമാറുന്നു. ഒളിപ്പോരാളികള്‍ നടത്തുന്ന പേഷ്‌മെര്‍ഗ എന്ന നിരോധിത റേഡിയോയിലൂടെ അത് സംപ്രേക്ഷണം ചെയ്യുകയാണ്. നിസ്സഹായരായ കുറേ മനുഷ്യരുടെ ബിംബങ്ങള്‍ക്ക് മുകളിലൂടെ പൊടിക്കാറ്റിനൊപ്പം ആ കരച്ചില്‍ നിറയുന്നു. ആ കരച്ചില്‍ പ്രതീക്ഷയുടേതാതാകാം, പ്രതികരണത്തിന്റെയാകാം..
അധിനിവേശത്തിന്റെ മുഷ്ടിക്കുള്ളില്‍ ഞെരിഞ്ഞമരുന്ന ഒരു ജനവിഭാഗത്തിന്റെ നിസ്സഹായത അതിന്റെ മുഴുവന്‍ തീവ്രതയോടെയും ചിത്രത്തില്‍ സംവിധായകന്‍ കാണിച്ചിട്ടുണ്ട്. ചിത്രത്തിലുടനീളം ഛായാഗ്രാഹകനായ Touraj Aslani പകര്‍ത്തിയ അത്തരത്തിലുള്ള വിഹ്വലമായ കുറേ കാഴ്ചകള്‍ പ്രേക്ഷകന് കാണാം. എല്ലാ തകര്‍ച്ചയും കണ്ട് മനസ്സ് മരവിച്ച ചിത്രത്തിലെ മാംബാള്‍ഡര്‍ ഒരു ഫുട്‌ബോള്‍ ടീമിനുള്ള സന്ദേശവുമായി പോകുമ്പോള്‍ കാണുന്നത് ആ വലിയ മൈതാനത്ത് മണ്ണടിഞ്ഞ് ആരും തിരിഞ്ഞുനോക്കാനില്ലാതെ മരവിച്ച് കിടക്കുന്ന മൃതശരീരങ്ങളാണ്. എന്നാല്‍ ആ പ്രേതഭൂമിയില്‍ കിടന്ന് മണിക്കൂറുകളോളം അയാള്‍ ഉറങ്ങുകയാണ്. പ്രതിഷേധത്തിന്റെ ഒരു ശബ്ദം പോലും അയാളില്‍ നിന്നില്ല. പിന്നെപ്പിന്നെ അയാള്‍ പോകുന്നിടത്തെല്ലാം ഈ കാഴ്ചയാണ്. കല്ല്യാണവീട്ടിലും താഴ്‌വരയുടെ മറ്റ് ഭാഗങ്ങളിലുമെല്ലാം തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും ഉയരുന്ന പുകയും മാത്രം. അവസാനം അത്തരത്തില്‍ തകരുന്ന ഒരു കെട്ടിടത്തിനടിയില്‍ ബാള്‍ഡറുടെ ഭാര്യയും..അവിടെ അയാള്‍ ദൈവത്തെ വിളിച്ച് ഉറക്കെക്കരയുകയാണ്. എന്നാല്‍ ആകാശത്ത് പാറിപ്പറക്കുന്ന ഒരു പരുന്തിന്റെ ദൃശ്യവും പരുന്തിന്റെ കരച്ചില്‍ പോലെ പേടിപ്പെടുത്തുന്ന സംഗീതത്തിലും ആ കരച്ചില്‍ അലിഞ്ഞില്ലാതാവുന്നു. ചിത്രത്തില്‍ ഒരിടത്ത് സംവിധായകന്‍ കുറേ കല്‍ക്കൂമ്പാരങ്ങള്‍ കാണിക്കുന്നുണ്ട്. മക്കളെയും ഭര്‍ത്താക്കന്മാരെയുമൊക്കെ കാത്തിരിക്കുന്ന കുറേ അമ്മമാരാണ് പ്രതീക്ഷകളുടെ ആ കല്‍ക്കൂമ്പാരങ്ങളുണ്ടാക്കുന്നത്. എന്നാല്‍ വീശിയടിക്കുന്ന കാറ്റ് ആ കൂമ്പാരങ്ങളെ ഇടിച്ചു വീഴ്ത്തുകയാണെന്നാണ് അവരുടെ പരാതി. കുര്‍ദ്ദിസ്ഥാനിലെ എല്ലാവര്‍ക്കും ആ പരാതിയാണ്. പക്ഷേ അവിടെയെല്ലാം കാറ്റിന് വെടിക്കോപ്പുകളുടെ രൂപമാണ്..
അധിനിവേശകാലത്ത് ആവിഷ്‌ക്കാരസ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടുന്നത് ചിത്രത്തില്‍ കാണാം. Armed Forces of Kurdistan നടത്തുന്ന പെഷമെര്‍ഗ് എന്ന നിരോധിത റേഡിയോയിലൂടെയാണ് പലപ്പോഴും പ്രദേശവാസികള്‍ ആശ്വാസം കണ്ടെത്തുന്നത്. എന്നാല്‍ ആ ഫ്രീക്വന്‍സി ട്യൂണ്‍ ചെയ്യുന്നവരെ തിരഞ്ഞു പിടിച്ച് കൊല്ലുകയാണ് ഇറാഖ് പട്ടാളത്തിന്റെ പ്രധാന ജോലി. മരത്തില്‍ തൂങ്ങിയാടുന്ന റേഡിയോകളുടെ ദൃശ്യം ആ ഭീകരതയുടെ മുഴുവന്‍ തീവ്രതയും കാഴ്ചക്കാരനിലെത്തിക്കും. പേരിന്റെയൊപ്പം കുര്‍ദ്ദിസ്ഥാന്‍ ചേര്‍ത്ത, കുര്‍ദ്ദിസ്ഥാന്റെ വാനമ്പാടി എന്ന, ഗായകന് പാടാന്‍ അനുവാദമുണ്ട്, പക്ഷേ പേരിനൊപ്പമുള്ള കുര്‍ദ്ദിസ്ഥാന്‍ മാറ്റണം. ആരെങ്കിലും ആ പേര് വിളിച്ചാല്‍ അയാളോട് ദയവ് ചെയ്ത് അങ്ങിനെ വിളിക്കരുതെന്ന് പറയുന്നത് ഒരു ജനവിഭാഗത്തിന്റെ, നിലവിളിയാണ്.
ഒരു കുര്‍ദ്ദ് ആയതിനാല്‍ ചിത്രത്തില്‍ പക്ഷപാതപരമായ സമീപനമാണ് സംവിധായകനായ ഷഹ്‌റാമിന്റേതെന്ന് വിമര്‍ശനാത്മകമായി പറയാം. എന്നാല്‍ തോക്കിന്‍ മുനയില്‍ ജിവിതം അടുത്ത നിമിഷത്തില്‍ എന്താകുമെന്ന് പോലും പറയാനാവാത്ത അവസ്ഥയോടെ ജീവിക്കുന്ന ജനവിഭാഗങ്ങള്‍ അഫ്ഗാനിസ്ഥാനിലും ഇറാഖിലും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലുമെല്ലാം ഇന്നും ജീവിക്കുന്നുണ്ടെന്നോര്‍ക്കുമ്പോഴാണ് ആ വിമര്‍ശനത്തിന്റെ പ്രസക്തി നഷ്ടമാവുന്നത്. ഇവിടങ്ങളിലെല്ലാം കാറ്റിനോടൊപ്പം കരയുന്നത് നിസ്സഹായരാണ്. നിസ്സഹായരുടെ കഥ എല്ലായിടത്തും ഒരുപോലെയല്ലേ..?

No comments:

Post a Comment