Tuesday, January 26, 2010

Nymph

Direction: Pen-Ek Retnaruvang

Thailand/2009/94’/തായ്

പ്രകൃതി മനുഷ്യനിലേക്കിറങ്ങി അവസാനം മനുഷ്യനും എല്ലാം ഉപേക്ഷിച്ച്‌ പ്രകൃതിയിലേക്കിറങ്ങുന്ന കഥയാണ്‌ തായ്‌ലന്‍ഡ്‌ സംവിധായകന്‍ പെനക്‌ രെറ്റ്‌നറുവാങിന്റെ 2009ലിറങ്ങിയ ചിത്രം നിംഫ്‌ പറയുന്നത്‌. ഇവിടെ പ്രകൃതിയെന്നത്‌ ആത്മാവാണ്‌. പെനക്കിന്റെ വാക്കുകളില്‍ മനുഷ്യന്റെ ആത്മീയവശങ്ങളെ വിശകലനം ചെയ്യുന്ന ചിത്രമാണ്‌ നിംഫ്‌. ചുരുക്കിപ്പറഞ്ഞാല്‍ എഡ്‌ഗാര്‍ അലന്‍പോയുടെ ഒരു മിസ്റ്റിക്‌ കഥ ഇന്നത്തെ കാലത്തിലേക്ക്‌ കൊണ്ടു വരികയായിരുന്നുവത്രേ. അതുപോലെത്തന്നെ തുടക്കം മുതല്‍ അവസാനം വരെ മിസ്റ്റിക്‌ ആയ കുറേ കാഴ്‌ചകള്‍. ദൈര്‍ഘ്യമുള്ള ഷോട്ടുകള്‍, ഭീതിയുണര്‍ത്തുന്ന ശബ്‌ദങ്ങള്‍.. ബന്ധങ്ങളുടെ കഥയാണ്‌ നിംഫ്‌..

മനുഷ്യന്റെ ബന്ധങ്ങളില്‍ ഒരു നിംഫ്‌ അഥവാ വനമാലാഖ ഇടപെടുകയാണ്‌ ചിത്രത്തില്‍. ഗ്രീക്ക്‌ പുരാണങ്ങളിലെ കഥാപാത്രമായ നിംഫ്‌ കാട്ടില്‍ എവിടെയെങ്കിലും സ്ഥിരമായി ജീവിക്കുന്ന ഒരു മാലാഖയാണ്‌. എന്നെങ്കിലുമൊരിക്കല്‍ ഈ മാലാഖ മരിക്കും. പക്ഷേ എന്നും സുന്ദരിയും ചെറുപ്പവുമായിരിക്കുമെന്നു മാത്രം. മനുഷ്യനെ കാത്തിരുന്ന്‌ ഭയപ്പെടുത്തുന്ന പിശാചുക്കളല്ല നിംഫുകള്‍. പിശാചുക്കളെല്ലാം മനുഷ്യനെ പേടിപ്പെടുത്തുന്നവയാണെന്ന്‌ താന്‍ ചിന്തിക്കുന്നില്ലെന്നതാണ്‌ സംവിധായകന്റെ ഭാഷ്യം.
പെനകിന്റെ നിംഫ്‌ അറിയപ്പെടാത്ത ഒരു കാട്ടിലെ മരത്തില്‍ ജീവിക്കുന്ന മാലാഖയാണ്‌. ഇരുളടഞ്ഞ കാടിന്റെ പത്തു മിനിറ്റോളം നീളുന്ന ഒരു ഷോട്ടില്‍ നിന്നാണ്‌ ചിത്രം ആരംഭിക്കുന്നത്‌. അവിടെ ഒരു പെണ്‍കുട്ടി രണ്ട്‌ പേരാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. എന്നാല്‍ അവളെ വിദൂരതയില്‍ ഉപേക്ഷിച്ച്‌ ക്യാമറ പിന്നെയും യാത്ര തുടരുമ്പോള്‍ അവസാനം നേരത്തേ പെണ്‍കുട്ടിയുടെ പിറകെ പോയ രണ്ട്‌ പേര്‍ തടാകത്തില്‍ മരിച്ചു കിടക്കുന്ന കാഴ്‌ചയാണുള്ളത്‌. ക്യാമറയുടെ യാത്ര കാടിനെ വിട്ട്‌ പിന്നെ നഗരത്തിലെ ഒരു പെണ്‍കുട്ടിയുടെ പിറകെയാണ്‌.
ഫോട്ടോഗ്രാഫറായ നോപാംഗിന്റെ ഭാര്യയായ മെയ്‌ ആണത്‌. വനത്തിലെ പിശാചുക്കളെക്കുറിച്ചറിഞ്ഞ്‌ അവിടേക്ക്‌ പോകാനൊരുങ്ങുകയാണ്‌ നോപ്‌. ഭാര്യയേയും കൂടെക്കൊണ്ട്‌ പോകുന്നുണ്ട്‌. മെയ്‌ക്കാകട്ടെ അതിനൊട്ടും താത്‌പര്യമില്ല. നോപിനേക്കാളും അവള്‍ക്കിഷ്‌ടം അവള്‍ ജോലി ചെയ്യുന്ന കമ്പനിയിലെ ബോസായ കോര്‍ണിനെയാണ്‌. സ്‌നേഹത്തോടെ നോപ്‌ അവളോട്‌ ചേര്‍ന്നു കിടക്കുമ്പോഴെല്ലാം എന്തെങ്കിലും കാരണം പറഞ്ഞ്‌ അവള്‍ ഒഴിഞ്ഞു മാറും. കാടിനോട്‌ ചേര്‍ന്ന്‌ ടെന്റ്‌ കെട്ടി താമസിക്കുമ്പോഴും രണ്ട്‌ പേരും അവരവരുടെ ലോകങ്ങളിലായിരുന്നു.
ഫോട്ടോകള്‍ക്കായുള്ള യാത്രക്കിടയില്‍ കാട്ടില്‍ കാണുന്ന വ്യത്യസ്‌തമായ ഒരു മരം നോപിനെ ആകര്‍ഷിക്കുന്നു. അതിനെ കെട്ടിപ്പിടിച്ച്‌ കരയുന്ന തരത്തിലുള്ള ഒരു വികാരം ആ മരം അയാളിലുണ്ടാകുന്നുണ്ട്‌. ഒരു രാത്രിയില്‍ ആ കാട്ടില്‍ അയാളെ കാണാതാവുന്നു. രാവിലെ നോപിനെ അന്വേഷിക്കാനിറങ്ങിയ മെയ്‌ക്ക്‌ അയാളുടെ ഒരു ചെരിപ്പും ടോര്‍ച്ചും മാത്രമാണ്‌ ലഭിക്കുന്നത്‌. നോപിനെ മൊബൈലില്‍ വിളിക്കുമ്പോള്‍ ആരോ ഫോണെടുക്കുന്നുണ്ടെങ്കിലും ദീര്‍ഘമായ നിശ്വാസങ്ങളും ഞരക്കങ്ങളും മാത്രമായിരുന്നു കേട്ടത്‌. ഇക്കാര്യം പോലീസിനെ അറിയിക്കുമ്പോഴും ഇത്‌ ആ കാട്ടില്‍ സ്ഥിരം സംഭവമാണെന്നാണ്‌ പറയുന്നത്‌. പിറ്റേന്ന്‌ രാത്രിയില്‍ മെയ്‌ നോപിനെ തേടിയിറങ്ങുന്നു. എന്നാല്‍ കാട്ടിലെ ആ ഒറ്റമരത്തിനടുത്തെത്തുമ്പോള്‍ അവള്‍ ബോധരഹിതയാവുന്നു. അവസാന പ്രതീക്ഷയും നശിച്ച മെയ്‌ വിവരമറിഞ്ഞെത്തിയ കാമുകനോടൊപ്പം തിരിച്ച്‌ പോവുകയാണ്‌. എന്നാല്‍ ഒരു പ്രഭാതത്തില്‍ മെയ്‌ കാണുന്നത്‌ വീട്ടിലെ സോഫയില്‍ പുതച്ചു മൂടിക്കിടക്കുന്ന നോപിനെയാണ്‌. അയാളെ കെട്ടിപ്പിടിച്ചുറങ്ങുമ്പോള്‍ അയാളുടെ നഷ്‌ടം എത്രമാത്രം വലുതായിരുന്നുവെന്ന്‌ അവള്‍ തിരിച്ചറിയുകയായിരുന്നു. ഇതിനിടയില്‍ നോപിന്റെ മൃതദേഹം കാട്ടില്‍ നിന്നും ലഭിച്ചതായി പോലീസ്‌ മെയിനെ അറിയിക്കുന്നുണ്ടെങ്കിലും നാലുമാസം മുമ്പേ നോപ്‌ വീട്ടിലെത്തിയെന്നാണ്‌ അവള്‍ മറുപടി നല്‍കിയത്‌. നോപാകട്ടെ ഫോട്ടോഗ്രാഫി നിര്‍ത്തി വീട്‌ നിറയെ ചെടികള്‍ വച്ചുപിടിപ്പിക്കാന്‍ തുടങ്ങി. ഭക്ഷണം കഴിക്കാന്‍ മടിച്ച അയാള്‍ എല്ലായിപ്പോഴും വെള്ളം കുടിച്ചു കൊണ്ടേയിരുന്നു. കോര്‍ണുമൊത്തുള്ള തന്റെ ബന്ധങ്ങളെല്ലാം തുറന്നു പറഞ്ഞ മെയ്‌ എല്ലാം മറന്ന്‌ നോപിനോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും തുടങ്ങി. ഇതിനിടയിലാണ്‌ സ്വന്തം ഭാര്യയെ ഉപേക്ഷിച്ച്‌ മെയിനെ വിവാഹം ചെയ്യാന്‍ താത്‌പര്യം പ്രകടിപ്പിച്ച്‌ കോര്‍ണ്‍ എത്തുന്നത്‌. നോപ്‌ തിരിച്ചെത്തിയിട്ടില്ലെന്നയാള്‍ക്കറിയാം. എന്നാല്‍ മെയ്‌ അയാളെ നിരാശനാക്കുന്നു. നോപിനെ അന്വേഷിച്ച്‌ വീട്ടിലെത്തുന്ന കോര്‍ണിന്‌ പക്ഷേ അയാളെ കാണാനാകുന്നില്ല. രാവിലെ ഉറക്കമുണരുന്ന മെയ്‌ കാണുന്നത്‌ പണ്ടൊരിക്കല്‍ നോപിനെ കണ്ട പോലെ സോഫയില്‍ മൂടിപ്പുതച്ചു കിടക്കുന്ന കോര്‍ണിനെയാണ്‌. നോപിനെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല. മൊബൈലില്‍ വിളിക്കുമ്പോഴെല്ലാം പേടിപ്പെടുത്തുന്ന ആ പഴയ നിശ്വാസത്തിന്റെ ശബ്‌ദം മാത്രം. ഇടക്കിടെ ഒരു മരത്തിന്റെ വേരുകള്‍ക്കിടയില്‍ ഒരു പുരുഷനു മേല്‍ ഉയര്‍ന്നു താഴുന്ന നഗ്നയായ സ്‌ത്രീരൂപത്തെയും കാണാം.
വീണ്ടും കോര്‍ണിനൊപ്പം കാട്ടിലെത്തിയ മെയ്‌ തന്റെ തിരച്ചില്‍ തുടരുകയാണ്‌. രാത്രിയില്‍ ഒറ്റക്ക്‌ ആ പഴയ മരത്തിനടുത്തെത്തുന്ന മെയ്‌ കൈയിലിരുന്ന കത്തിയെടുത്ത്‌ അതിനെ തലങ്ങും വിലങ്ങും വെട്ടുന്നു. ചോരയുടെ നിറമുള്ള ആ മരത്തിന്റെ കറ മേലാകെ നിറഞ്ഞ്‌ മെയ്‌ ബോധം മറഞ്ഞ്‌ വീഴുന്നു. അതേസമയം തന്നെ ഉള്‍ക്കാട്ടിലെവിടെയോ ചോരയോലിക്കുന്ന ഒരു സ്‌ത്രീയുടെ നഗ്നശരീരത്തില്‍ നിശ്വാസങ്ങളുതിര്‍ത്ത്‌ നോപ്‌ കരയുകയായിരുന്നു. രാത്രിയില്‍ പോലീസ്‌ കണ്ടെത്തി ടെന്റിലെത്തിക്കുന്ന മെയ്‌ ഉറക്കമാകുന്നു. എന്നാല്‍ പുറത്തിരിക്കുന്ന കോര്‍ണിനെ കാണാന്‍ നോപ്‌ എത്തുന്നു. മെയുമൊത്തുള്ള കോര്‍ണിന്റെ ബന്ധമെല്ലാം അതാരംഭിച്ചതു മുതല്‍ തന്നെ നോപിനറിയാമായിരുന്നു. തങ്ങളുടെ ജോലികളില്‍ മാത്രം വ്യാപൃതരായിരുന്ന രണ്ട്‌ ജീവിതങ്ങളില്‍ മൂന്നാമതൊരാള്‍ കടന്നു വരുന്നത്‌ സ്വാഭാവികമാണെന്നാണ്‌ നോപ്‌ അതിനു പറഞ്ഞ ന്യായം. കാട്ടിലേക്കുള്ള തന്റെ മടക്കത്തിനു മുമ്പ്‌ കോര്‍ണിനോട്‌ നോപ്‌ മൂന്ന്‌ ആഗ്രഹങ്ങള്‍ പറയുന്നു. മെയുമായി അവിടെ നിന്നും പോകണം, അതിനു മുമ്പ്‌ മെയ്‌ വെട്ടിമുറിച്ച മരത്തിനോട്‌ മാപ്പ്‌ പറയണം, കോര്‍ണിന്റെ പിണങ്ങിപ്പോയ ഭാര്യയുമൊത്ത്‌ തുടര്‍ന്നും ജീവിക്കണം ഇവയായിരുന്നു അത്‌. വാക്കുകള്‍ പാലിക്കുമോ ഇല്ലയോ എന്നറിയും മുമ്പ്‌ അയാള്‍ കാട്ടിലേക്ക്‌ മടങ്ങുന്നു. ഇരുട്ടില്‍ ഒരു നഗ്നരൂപമായി ഒരു നിംഫിനെപ്പോലെ നീങ്ങുന്ന നോപില്‍ ചിത്രം അവസാനിക്കുന്നു.
കാടാണ്‌ ചിത്രത്തിലേറെ സമയവും നമുക്ക്‌ കാണാനാവുക. കാടിന്റെ നിഗൂഢതയും ഒപ്പം നഗരക്കാഴ്‌ചകളുമെല്ലാം പകര്‍ത്തിയ ക്യാമറയാണ്‌ ചിത്രത്തില്‍ എടുത്തു പറയേണ്ടത്‌. മരങ്ങള്‍ക്കിടയിലൂടെയും നദിക്ക്‌ മുകളിലൂടെയും ആകാശം കണ്ടും ഇടക്കൊരു തടസമില്ലാതെ നീങ്ങുന്ന ദൈര്‍ഘ്യമേറിയ ഷോട്ടുകള്‍ക്കു പിന്നിലെ Charnkit chamnivikaipong ന്റെ ഛായാഗ്രഹണപാടവം പ്രേക്ഷകശ്രദ്ധയാകര്‍ഷിക്കുന്നതാണ്‌. കാടിന്റെയും കാണാതാകലിന്റെയും രാത്രിയുടെയും നിഗൂഢത വെളിപ്പെടുത്തുന്ന Akritchalerm Kalayanamitrന്റെയും Koichi Shimizu വിന്റെയും സൗണ്ട്‌ ഡിസൈനിംഗും കാഴ്‌ചക്കാരന്റെ പ്രത്യേകപരാമര്‍ശമര്‍ഹിക്കുന്നു. Patamanadda Yukol ആണ്‌ ചിത്രത്തിന്റെ എഡിറ്റര്‍. കാടും മരങ്ങളും കഥ പറഞ്ഞ ചിത്രത്തില്‍ അഭിനേതാക്കള്‍ക്ക്‌ സംവിധായകന്‍ പറയുന്നത്‌ കേള്‍ക്കുകയല്ലാതെ തങ്ങളുടേതായി കാര്യമായൊന്നും ചെയ്യാനില്ല. മെയ്‌ ആയി Wanida Termthanaporn ഉം കോര്‍ണ്‍ ആയി Chamanum Wanminwasara യും നോപായി Nopachai Jayanama യും അഭിനയിക്കുന്നു. നിംഫ്‌ ആയെത്തുന്നത്‌ Phorntip Papanai ആണ്‌. 109 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള നിംഫ്‌ ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

No comments:

Post a Comment